ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിനിടെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്ത് അയച്ചു. വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുകയോ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യണമെന്ന് കത്തിൽ അഭിജിത് ആവശ്യപ്പെടുന്നു. പരീക്ഷാ നടത്തിപ്പിലും സുരക്ഷാ സംവിധാനങ്ങളിലും ഉണ്ടായ ഗുരുതര പാളിച്ചകളാണ് വിദ്യാർഥികളെയും കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
മക്കളുടെ വിദ്യാഭ്യാസത്തിനായി നിരവധി മാതാപിതാക്കൾ വായ്പകളെടുത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യം കത്തിൽ പരാമർശിക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷകൾ വീണ്ടും നടത്തേണ്ടിവന്നത് വിദ്യാർഥികളിൽ വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന പുനഃപരീക്ഷയെക്കുറിച്ചുള്ള അനിശ്ചിതത്വവും ആശങ്കയും കുട്ടികളിൽ വർധിച്ചുവരികയാണെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതുണ്ടെന്നും അഭിജിത് ദീപ്കെ കത്തിൽ ആവശ്യപ്പെട്ടു.