മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസിൽ പ്രധാന പ്രതിയായ എച്ച് ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു ഇവർ. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പൊലീസ് പിടികൂടിയത്. താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ടിസിഎസിന്റെ നാസിക് ബിപിഒ യൂണിറ്റിൽ ഉയർന്ന പീഡന, മതപരിവർത്തന പരാതികളിലാണ് നിദയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. നാസിക് ബിപിഒ യൂണിറ്റിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഉയർന്നത്. വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാർ പരാതിയുമായി വന്നപ്പോഴാണ് കൊടും ക്രൂരതയുടെ വിവരങ്ങൾ പുറത്ത് വന്നത്. ജീവനക്കാരിൽ ചിലർ ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന ശ്രമങ്ങൾ എന്നിവ നേരിട്ടതായി പരാതി നൽകിയിരുന്നു.
ഇതിനെത്തുടർന്ന്, ഒളിവിൽപ്പോയ ഇവരെ കണ്ടെത്താൻ പൊലീസ് നിരവധി ടീമുകളെ രൂപീകരിക്കുകയും സംസ്ഥാനവ്യാപകമായി തെരച്ചിൽ നടത്തി വരികയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്ഐആറുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സംഭവത്തിൽ അറസ്റ്റിലായ ഡാനിഷ് ഷെയ്ഖ്, , റാസ മേമൻ, തൗസിഫ് അത്തർ, ഷാരൂഖ് ഖുറേഷി, ആസിഫ് അഫ്താബ് അൻസാരി, ഷാഫി ഷെയ്ഖ്, എച്ച്ആർ മേധാവി അശ്വിനി ചൈനാനി എന്നിവരെ ടിസിഎസ് ജോലിയിൽ നിന്നും പിരിച്ച് വിട്ടിരുന്നു.