തുടർച്ചയായ നാലാം ദിവസവും ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നു. വായുമലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിങ്ങ് പദ്ധതി ഉടൻ നടപ്പാക്കും. ഇതിനിടെ സെക്രട്ടേറിയേറ്റിൽ മന്ത്രിമാർക്കായി 15 എയർ പ്യൂരിഫയർ വാങ്ങാൻ സർക്കാർ തീരുമാനിച്ചത് വിവാദമായി. ദീപാവലി കഴിഞ്ഞ് രണ്ട് ദിവസമായിട്ടും ദില്ലിയിൽ വായു മലിനീകരണത്തിന് കുറവില്ല. പലയിടത്തും വായുഗുണനിലവാരം ഇപ്പോഴും 350ന് മുകളിൽ തുടരുക ആണ്. ആനന്ദ് വിഹാറിൽ ഇത് 428 ആയി ഉയർന്നു.
ദീപാവലിയോട് അടുത്ത ദിവസങ്ങളിൽ വ്യാപകമായി പടക്കം പൊട്ടിച്ചതും അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൻ തോതിൽ വൈക്കോൽ കത്തിക്കുന്നതുമാണ് മലിനീകരണം രൂക്ഷമായി തുടരുന്നതിന് കാരണം. വായുമലിനീകരണം കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി ദില്ലി മന്ത്രി മജീന്ദർ സിംഗ് സിർസ അറിയിച്ചു. കൃത്രിമമഴ പെയ്യിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് അനുമതി നൽകിയാലുടൻ ക്ലൗഡ് സീഡിംഗിനുള്ള നടപടികൾ തുടങ്ങും.