കണ്ണൂരിൽ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തതിൻ്റെ ആഹ്ളാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസുകാരൻ മരിച്ചു. അഴീക്കോട് പുന്നക്കപ്പാറയിൽ കോൺഗ്രസ് ഓഫീസിന് സമീപമുണ്ടായ അപകടത്തിൽ പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാനാണ് മരിച്ചത്.
കോൺഗ്രസ് പ്രവർത്തകർ പുന്നക്കപ്പാറയിൽ ലഡു വിതരണം ചെയ്യുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. പിന്നാലെ ബാക്കിവന്ന പടക്കങ്ങൾ ഒരു സ്ഥലത്ത് സൂക്ഷിച്ചശേഷം പ്രവർത്തകർ പിരിഞ്ഞു പോവുകയും ചെയ്തു. ഈ സമയം ഇവിടെയുണ്ടായിരുന്ന കുട്ടികൾ പടക്കമെടുത്ത് പൊട്ടിക്കുമ്പോഴായിരുന്നു അപകടം.
ഒരു പടക്കം കുട്ടിയുടെ കഴുത്തിലാണ് വീണ് പൊട്ടിയത്. സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. അപകടത്തിൽ മൂന്ന് കുട്ടികൾക്കും പരിക്കുപറ്റി.