ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുള്ള രണ്ടുപേരെ മുംബൈ വിമാനത്താവളത്തിൽ നിന്ന് ദേശീയ സുരക്ഷ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. തൽഹ ഖാൻ, അബ്ദുള്ള ഫയാസ് ഷേഖ്, എന്നിവരാണ് അറസ്റ്റിലായത്. മുംബൈ ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് എൻഐഎ അറിയിച്ചു. ജക്കാർത്തയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ ഇന്തോനേഷ്യയിൽ നിന്ന് മടങ്ങിവന്നപ്പോഴാണ് പിടിയിലായത്.
മുംബൈയിലെ എൻഐഎ പ്രത്യേക കോടതി 2 വർഷത്തിലേറെയായി ഒളിവിലായിരുന്ന പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇവരെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികവും പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയിലെ പുണെയിൽ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ (ഐഇഡികൾ) നിർമിക്കുന്നതിലും പരീക്ഷിക്കുന്നതിലും ഏർപ്പെട്ടിരുന്ന സ്ലീപ്പർ സെൽ മൊഡ്യൂളിൻ്റെ ഭാഗമായിരുന്നു ഇവരെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. 2023 ലെ പുണെ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) കേസിലാണ് അറസ്റ്റ്. ഇരുവരും ഐഎസിൻ്റെ സ്ലീപ്പർ സെല്ലുകളാണെന്നും വിവരമുണ്ട്.
ഗവൺമെൻ്റിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഇവരുൾപ്പെടെ 10 പേരാണ് ഗൂഢാലോചന നടത്തിയതെന്നും ഇതുമായി ബന്ധപ്പെട്ടതാണ് കേസെന്നും എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.