കേരളത്തിലേക്ക് കർണാടക ആർടിസിയുടെ പുതിയ അംബാരി ഉത്സവ് സ്ലീപ്പർ വോൾവോ മൾട്ടി ആക്സിൽ ബസ് ഡിസംബർ ഒന്നിന് സർവീസ് ആരംഭിക്കും. ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ, അങ്കമാലി, മൂവാറ്റുപുഴ, ഏറ്റുമാനൂർ വഴി കോട്ടയത്തേക്കാണ് പുതിയ ബസ് സർവീസ് ആരംഭിക്കുന്നത്. നിലവിൽ കേരളത്തിലേക്ക് നാല് അംബാരി ഉത്സവ് ബസ് സർവീസ് നടത്തുന്നുണ്ട്. എറണാകുളത്തേക്ക് രണ്ടും കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസ് സർവീസുമാണുള്ളത്. ബെംഗളൂരുവിൽനിന്ന് കോട്ടയത്തേക്ക് 1950 രൂപയാണ് ടിക്കറ്റ് ചാർജ്.
ദിവസവും ബെംഗളൂരു ശാന്തിനഗർ ബസ്സ്റ്റാൻഡിൽനിന്ന് വൈകീട്ട് 6.30-ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ 6 മണിക്ക് കോട്ടയത്തെത്തും. അതുപോലെ കോട്ടയത്തുനിന്ന് ദിവസവും വൈകീട്ട് 5.45-ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ 5.45-ന് ബെംഗളൂരുവിലെത്തും.