കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടൻ രാജിവെച്ചേക്കും. വ്യാഴാഴ്ചയോടെ രാജി സമർപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതായാണ് വിവരം. സിദ്ധരാമയ്യയെ ഡൽഹിയിലെത്തിച്ച് പാർട്ടിയിൽ വലിയൊരു ദേശീയ ചുമതല നൽകാനാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ നീക്കം. രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പുകളെക്കുറിച്ച് മാത്രമാണ് ചർച്ച ചെയ്തതെന്ന് കോൺഗ്രസ് വ്യക്തമാക്കുമ്പോഴും, കർണാടകയിലെ അധികാര കൈമാറ്റമാണ് പ്രധാന അജണ്ടയെന്നാണ് വിവരം.ഡൽഹി ചർച്ചകൾക്ക് ശേഷം അദ്ദേഹം ബംഗളൂരുവിലേക്ക് തിരിച്ചു. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ഭരണത്തിലും പാർട്ടി നേതൃത്വത്തിലും വലിയൊരു പുനഃക്രമീകരണത്തിനാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഒരുങ്ങുന്നത്. സിദ്ധരാമയ്യ സ്ഥാനമൊഴിയുന്നതോടെ നിലവിലെ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയായേക്കും.
രാജ്യവ്യാപകമായി കോൺഗ്രസ് ഉയർത്തുന്ന പിന്നാക്ക വിഭാഗ (ഒബിസി) രാഷ്ട്രീയത്തിന് കരുത്തുപകരാൻ സിദ്ധരാമയ്യയുടെ അനുഭവസമ്പത്തും ജനപ്രീതിയും ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ കണക്കുകൂട്ടൽ. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായും ഡൽഹിയിൽ നീണ്ട ചർച്ചകൾ നടന്നിരുന്നു.