ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ മൃഗങ്ങളെയും പക്ഷികളെയും ദത്തെടുക്കൽ പദ്ധതി പ്രകാരം ഒരു വർഷം കൊണ്ട് 30 ലക്ഷത്തിലധികം രൂപയുടെ അധിക വരുമാനം നേടിയതായി അധികൃതർ അറിയിച്ചു. ജീവികളോടുള്ള സ്നേഹം വർധിപ്പിക്കുന്നതിനായി പാർക്ക് വർഷങ്ങൾക്ക് മുമ്പാണ് ദത്തെടുക്കൽ പരിപാടി ആരംഭിച്ചത്. സിംഹങ്ങൾ, കടുവകൾ, പുള്ളിപ്പുലികൾ, ആനകൾ, ജിറാഫുകൾ തുടങ്ങിയ വലിയ മൃഗങ്ങളെ മാത്രമല്ല ചെറിയ മൃഗങ്ങളെയും പക്ഷികളെയും ഒരു വർഷത്തേക്ക് ദത്തെടുക്കാൻ ജനങ്ങൾക്ക് പദ്ധതി മുഖേന സാധിക്കും.
ഈ പദ്ധതിയിലൂടെ കോവിഡ് കാലത്ത് ഏകദേശം രണ്ടു കോടി രൂപയുടെ വരുമാനം നേടിയിരുന്നു. പിന്നീട് വരുമാനം കുറയുകയും ബി.ബി.എ പുതിയ പരിഷ്ക്കാരങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മുമ്പ് ഒരു വർഷമായിരുന്നു ദത്തെടുക്കൽ കാലാവധിയെങ്കിൽ ഇപ്പോൾ അഞ്ച് വർഷമായി നീട്ടിയിട്ടുണ്ട്. ദത്തെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, മൃഗ-പക്ഷി വാസസ്ഥലത്തിൻ്റെ പരിസരത്ത് ദത്തെടുക്കുന്നയാളുടെ പേര് ആലേഖനം ചെയ്ത ഒരു ഫലകം, അഞ്ച് വർഷത്തേക്ക് പ്രതിവർഷം അഞ്ച് സൗജന്യ പ്രവേശന പാസുകൾ എന്നിവയും നൽകും. ദത്തെടുക്കുന്നവർക്ക് മൃഗങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ പേരിടാനുള്ള അവസരവും നൽകിയിട്ടുണ്ട്.
പാർക്ക് സന്ദർശിച്ച് നേരിട്ടോ അല്ലെങ്കിൽ ബി.ബി.പി വെബ്സൈറ്റായ https://bannerughattabiopark.org/adopt.html മുഖേനയോ താൽപര്യമുള്ളവർക്ക് ദത്തെടുക്കാം.