കേരള സർക്കാർ നോർക്ക റൂട്സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പരിരക്ഷ പദ്ധതിയായ നോർക്ക കെയറിലേക്കുള്ള ഗ്ലോബല്‍ രജിസ്‌ട്രേഷന്‍ ഡ്രൈവിൻ്റെ കാലയളവായ 23 സെപ്റ്റംബർ 2025 മുതൽ 31 ഒക്ടോബർ വരെ കർണാടകയിൽ നിന്നും 2800ലധികം പ്രവാസികൾ നോർക്ക കെയറിൽ അംഗമാകുന്നതിന് അനിവാര്യമായ നോർക്ക ഐഡി കാർഡിനുള്ള അംഗത്വം എടുത്തു. തെലുങ്കാനയിൽ നിന്നും പദ്ധതിക്ക് മികച്ച പ്രതികരണം ലഭിക്കുകയുണ്ടായി.
കർണാടകയിലെ ബെംഗളൂരു, മൈസൂർ, മംഗലാപുരം, ഉഡുപ്പി, ഷിമോഗ, വിജയനഗര (ഹോസ്പെട്ട് ), ദാവങ്കരെ, ബെൽഗാവി, തുംകുരു, ബെല്ലാരി തുടങ്ങിയ ജില്ലകളിൽ നിന്നുമുള്ള പ്രവാസികളുടെയും, മലയാളി സംഘടനകളുടെയും മികച്ച പിന്തുണയോടുകൂടിയാണ് നോർക്ക പദ്ധതിയിലേക്കുള്ള ഇത്രയുമധികം രജിസ്ട്രേഷൻ സാധ്യമായത്.
കെഎംസിസി, കേരള സമാജം ബാംഗ്ലൂർ, സുവർണ്ണ കർണാടക കേരള സമാജം, കേരള സമാജം ദൂരവാണി നഗർ, കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ്, ബെംഗളൂരു മലയാളി ഫോറം, എസ്.എൻ.ഡി.പി സമിതി കെ ജി ഹള്ളി, കേരള സമാജം നോർത്ത് വെസ്റ്റ്, കല വെൽഫയർ അസോസിയേഷൻ, കേരള സമാജം നെലമംഗല, കേരള സമാജം മൈസൂർ, അലുമിനി അസോസിയേഷൻ മട്ടന്നൂർ പോളിടെക്‌നിക്, കേരള സോഷ്യൽ & കൾച്ചറൽ സെന്റർ ഉഡുപ്പി, സെൻറ് അൽഫോൻസാ ഫോറന ചർച്ച് സുൽത്താൻപാളയ, പ്രോഗ്രസ്സിവ് ആർട്സ് & കൾച്ചറൽ അസോസിയേഷൻ, അരുണോദയ ഫ്രണ്ട്‌സ് വെൽഫേയർ അസോസിയേഷൻ, ബാംഗ്ലൂർ മെട്രോ ചാരിറ്റബിൾ ട്രസ്റ്റ്, കേളി ബംഗളുരു, സെന്റ് തോമസ് ചർച്ച ധർമ്മാരാം, കേരള സമാജം മംഗളുരു, കേരള സമാജം ബിദാരഹള്ളി, കൈരളി കൾച്ചറൽ അസോസിയേഷൻ ഹോസപെട്ട്, കേരളീയ സംസ്കൃതിക് സംഘ് ബെലഗാവി തുടങ്ങിയ സംഘടനകൾ നോർക്ക കെയർ ക്യാമ്പുകൾ സംഘടിപ്പിച്ചു. പദ്ധതിക്ക് നല്ല പ്രചരണം നടത്തുകയുണ്ടായി. ലോക കേരള സഭ അംഗങ്ങളായ സി.കുഞ്ഞപ്പൻ, രജികുമാർ, നൗഷാദ്.എം.കെ, ശശിധരൻ.കെ.പി, ഫിലിപ്പ് ജോർജ്, സന്ദീപ് കൊക്കൂൺ, എൽദോ ചിറക്കച്ചാലിൽ എന്നിവർ കൂടുതൽ പ്രവാസികളെ പദ്ധതിയിൽ ചേർക്കുന്നതിനായി നേതൃത്വം നൽകി.
പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണ് ‘നോര്‍ക്ക കെയര്‍’. ഏറെക്കാലമായി പ്രവാസികേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത്. ലോകകേരള സഭയില്‍ ഉള്‍പ്പെടെ ഉയര്‍ന്ന ഈ ആശയത്തിൻ്റെ സാക്ഷാത്ക്കാരമാണ് നോര്‍ക്ക കെയര്‍.
രോഗാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെ അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുമാണ് നോര്‍ക്ക കെയര്‍ വഴി ലഭ്യമാക്കുന്നത്. നിലവില്‍ കേരളത്തിലെ 500ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ് ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. കർണാടകയിൽനിന്നും 1462 ആശുപത്രികൾ എംപാനൽ ചെയ്തിട്ടുണ്ട്. നിലവിലുളള രോഗങ്ങള്‍ക്കും പരിരക്ഷ ഉറപ്പാക്കാനാകും എന്നതും മെഡിക്കൽ ചെക്കപ്പ് ആവശ്യമില്ല എന്നതുമാണ് നോർക്ക കെയറിനെ മറ്റ് സാധാരണ ഇൻഷുറൻസ് പദ്ധതിയിൽനിന്നും വ്യത്യസ്തമാക്കുന്നത്.
18 മുതല്‍ 70 വയസ്സുവരെയുള്ള നോർക്ക ഐഡി കാർഡുള്ളവർക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുക. നോര്‍ക്ക ഐഡി കാര്‍ഡിന് ഒരാള്‍ക്ക് 408 രൂപയും നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് ഭര്‍ത്താവ്, ഭാര്യ രണ്ടു കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് 13,411 രൂപയും വ്യക്തിയ്ക്ക് 8,101 രൂപയുമാണ് ഫീസ്. കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ നോര്‍ക്ക കെയര്‍ പരിരക്ഷ പ്രവാസികേരളീയര്‍ക്ക് ലഭ്യമാകുന്നതാണ്.