ടി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ത്രില്ലിങ്ങായ മത്സരങ്ങളിലൊന്നിനാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. നേപ്പാളും നെതർലൻഡ്‌സും തമ്മിൽ നടന്ന മത്സരമാണ് ആവേശക്കൊടുമുടി കയറിയത്. മത്സരത്തിൽ നെതർഡലൻഡ്‌സാണ് ജയം സ്വന്തമാക്കിയത്. ഇതാദ്യമായാണ് പ്രൊഫഷണൽ ടി20 ക്രിക്കറ്റിൽ ഒരു മത്സരം മൂന്നു സൂപ്പർ ഓവറുകലിലേക്ക് നീളുന്നത്. നെതർലൻഡ്‌സിനെ, ടോസ് നേടിയ നേപ്പാൾ ബാറ്റിങ്ങിനയക്കുകയായിരുന്നു. തേജ നിദമനുരു, വിക്രംജിത് സിങ് എന്നിവരുടെ ഇന്നിങ്സുകളുടെ ബലത്തിൽ നെതർലൻഡ്‌സ് നിശ്ചിത 20 ഓവറിൽ 7ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ 8 വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തതോടെ മത്സരം ടൈ ആയി. അതോടെ സൂപ്പർ ഓവറിലേക്ക് നീണ്ടു.

ആദ്യം ബാറ്റുചെയ്‌ത നേപ്പാൾ സൂപ്പർ ഓവറിൽ 19 റൺസെടുത്തു. 20 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്‌സിനും 19 റൺസേ എടുക്കാനായുള്ളൂ. അതോടെ മത്സരം വീണ്ടും ടൈ ആയി. രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ടു. ആദ്യം ബാറ്റുചെയ്‌ത നെതർലൻഡ് 17 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളും 17 റൺസെടുത്തു. അതോടെ മൂന്നാം സൂപ്പർ ഓവറിലേക്ക്. എന്നാൽ മൂന്നാം സൂപ്പർ ഓവറിൽ നേപ്പാളിന് റണ്ണൊന്നുമെടുക്കാനായില്ല. നാലു പന്ത് നേരിട്ട ടീമിൻ്റെ രണ്ടു വിക്കറ്റുകളും നഷ്‌ടമായി. അതോടെ വിജയലക്ഷ്യം ഒരു റണ്ണായി. ആദ്യ പന്തിൽ സിക്‌സറടിച്ച് മൈക്കേൽ ലെവിറ്റ് നെതർലൻഡ്‌സിനെ ജയത്തിലെത്തിച്ചു.

Related Posts