നെന്മാറ പോത്തുണ്ടി ബോയൻ കോളനി സജിത കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്. പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ വാദം. 14ന് പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. കൊലപാതകത്തിന് പുറമേ വീട്ടില്‍ അതിക്രമിച്ച്‌ കടക്കല്‍, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി വിധിച്ചു.

അയല്‍വാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയില്‍ സുധാകരൻ്റെ ഭാര്യ സജിതയെ 2019 ആഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊന്നത്. തൻ്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിതയാണെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം. വീടിൻ്റെ പിറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് സജിതയെ വെട്ടിയത്. തുടർന്ന് പോത്തുണ്ടി വനമേഖലയില്‍ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്.

കേസില്‍ 68 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകള്‍ ഉള്‍പ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാല്‍പാടുകളാണ് കേസില്‍ നിർണായകമായത്. ഒപ്പം മല്‍പിടുത്തത്തിനിടയില്‍ പോക്കറ്റ് കീറി നിലത്തുവീണ വസ്ത്രം ചെന്താമരയുടെ തന്നെയെന്ന ഇയാളുടെ ഭാര്യയുടെ മൊഴിയും പ്രതിക്ക് കുരുക്കായി.

2020ലാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. 2025 ആഗസ്റ്റ് നാലിന് സാക്ഷിവിസ്താരം ആരംഭിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.വിജയകുമാറാണ് ഹാജരായത്. റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.

Related Posts