രാജ്യം നക്സൽ ബാധയിൽനിന്ന് പൂർണമായും മോചിതമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്സൽ ഭീതി ഒഴിഞ്ഞ ശേഷമുള്ള ആദ്യ ദീപാവലിയാണിതെന്നും ചരിത്രപരമായ ഈ നേട്ടം രാജ്യത്തിന് സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബസ്തർ മേഖലയിലെ എല്ലാ ജില്ലകളും ഇപ്പോൾ നക്സൽ വിമുക്തമാണെന്നും 140 കോടി ജനങ്ങളുടെ പേരിൽ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരെ അഭിവാദ്യം ചെയ്യുന്നതായും മോദി വ്യക്തമാക്കി.
രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷ ശക്തമാണെങ്കിൽ പുറത്തുനിന്നുള്ള ശത്രുക്കൾക്ക് ഒന്നും ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ ഐക്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ സിആർപിഎഫ്, കോബ്ര, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, ഐആർബി തുടങ്ങിയ സേനകൾക്കൊപ്പം ബസ്തർ ഫൈറ്റേഴ്സും പ്രത്യേക സേനാ കമാൻഡോകളും വനിതാ ഉദ്യോഗസ്ഥരും നിർണായക പങ്കുവഹിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു കാലത്ത് രാജ്യത്തെ 20 സംസ്ഥാനങ്ങളിലായി 230 ജില്ലകൾ നക്സൽ ബാധിതമായിരുന്നു. ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് വോട്ടവകാശം പോലും വിനിയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നുവെന്നും മോദി ഓർമിപ്പിച്ചു.
ഒരു വർഷം രണ്ടായിരത്തോളം അക്രമസംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്ന കാലത്ത് സുരക്ഷാ സേനയ്ക്ക് വലിയ നഷ്ടങ്ങൾ നേരിടേണ്ടിവന്നു. 2010ൽ ദന്തേവാഡയിൽ നക്സൽ ആക്രമണത്തിൽ നിരവധി സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവവും അദ്ദേഹം പരാമർശിച്ചു. 2013 വരെയുള്ള കണക്കുകളിൽ നക്സലുകളേക്കാൾ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ്റെ പോലും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുൻ സർക്കാരുകൾ സുരക്ഷാ സേനയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ നിലവിലെ സർക്കാർ അവർക്ക് പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകിയെന്നും നക്സലുകൾക്ക് ലഭിച്ചിരുന്ന സഹായങ്ങൾ അവസാനിപ്പിച്ചെന്നും മോദി പറഞ്ഞു.
അതേസമയം, സായുധ നക്സലിസം അവസാനിച്ചെങ്കിലും ഭീഷണി പൂർണമായി ഇല്ലാതായിട്ടില്ലെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ പ്രവർത്തിക്കുന്ന ‘ബുദ്ധിജീവി നക്സലുകൾ’ വിവിധ സംഘടനകളിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആരോപണം. ഇക്കാര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു.