കോയിപ്പുറം കടപ്ര കാഞ്ഞിരംനിൽക്കുന്നതിൽ വീട്ടിൽ 75കാരിയായ പൊന്നമ്മ തോമസ് കൊല്ലപ്പെട്ട സംഭവത്തിൽ മകൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നമ്മയുടെ മകൻ ടിജോ തോമസ് (37), ഇയാളോടൊപ്പം ആറുമാസത്തിലേറെയായി താമസിച്ചിരുന്ന കൊല്ലം കാവനാട് കിണറുവിള വടക്കേതിൽ റിൻസിമോൾ (37) എന്നിവരാണ് അറസ്റ്റിലായത്.
കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ വയോധികയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ച അജ്ഞാത ഫോൺ സന്ദേശമാണ് കേസിൽ വഴിത്തിരിവായത്. ചൊവ്വാഴ്ച സന്ദേശം ലഭിച്ചതിനെ തുടർന്ന് കോയിപ്പുറം എസ്ഐ പങ്കജ് വി. കൃഷ്ണയും കീഴ്വായ്പൂര് സർക്കിൾ ഇൻസ്പെക്ടർ ജി. സുരേഷ് കുമാറും ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ചു. പരിശോധനയിൽ അസ്വാഭാവികതകൾ കണ്ടെത്തിയതോടെ വിവരം ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദിനെ അറിയിച്ചു.
തുടർന്ന് തിരുവല്ല ഡിവൈഎസ്പി പി.ആർ. സന്തോഷിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സി.ഐ ജി. സുരേഷ് കുമാറിൻ്റെയും എസ്.ഐ പങ്കജ് വി. കൃഷ്ണയുടെയും നേതൃത്വത്തിൽ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടം നടപടികളും പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് പൊലീസ് സർജൻ ഡോ. അശ്വതിയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പൊന്നമ്മയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പൊന്നമ്മയ്ക്കൊപ്പം താമസിച്ചിരുന്ന മകനെയും റിൻസിമോളെയും വിശദമായി ചോദ്യം ചെയ്തു. ഭാര്യയുമായി അകന്ന് കഴിയുന്ന ടിജോയ്ക്കൊപ്പം ആറുമാസത്തിലേറെയായി റിൻസിമോൾ താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ തർക്കത്തിനിടെ തടസം പിടിക്കാനെത്തിയ അമ്മയെ ടിജോ ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. നെഞ്ചിൽ ചവിട്ടുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം മർദിക്കുകയും ചെയ്താണ് പൊന്നമ്മയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിൻ്റെ കണ്ടെത്തൽ.
അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്പിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിൻരാജ്, അഭിലാഷ്, സി.പി.ഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.