കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിങ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. മരിച്ചവർ ബസ് ഡ്രൈവർ ഗുരുപ്രസാദും ക്ലീനർ ശങ്കറുമാണ്. ഇന്ന് പുലർച്ചെ 5മണിയോടെയാണ് അപകടം നടന്നത്.

ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷൻ പരിധിയിൽ അപകടത്തിൽപ്പെട്ടത്. ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള യൂണിവേഴ്സൽ നഴ്സിങ് കോളജിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ആകെ 53 പേരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. അപകടത്തിൽ പരിക്കേറ്റ 26 പേരിൽ 19 പേർ മലയാളി വിദ്യാർഥിനികളാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് നിലവിലെ വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്.

അപകടത്തിൻ്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസിൻ്റെ അമിതവേഗം, ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടത് തുടങ്ങിയ സാധ്യതകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

Related Posts