കഴിഞ്ഞ 6 മാസത്തിനുള്ളിൽ രാജ്യത്തെ പ്രധാന നഗരങ്ങളിലായി 30,000ത്തിലധികം പേർ നിക്ഷേപ തട്ടിപ്പിന് ഇരയായി. തട്ടിപ്പിൽ ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടായ നഗരം ബെംഗളൂരുവാണ്. മൊത്തം നഷ്ടത്തിൻ്റെ നാലിലൊന്നിലധികം ഇവിടെയാണ്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൈബർ വിഭാഗത്തിൻ്റെ റിപ്പോർട്ട് പ്രകാരം 65 ശതമാനത്തോളം കേസുകൾ ബെംഗളൂരു, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,500 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 30നും 60നും ഇടയിൽ പ്രായമുള്ളവരാണ് തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും. ഏറ്റവും ഉയർന്ന ആളോഹരി നഷ്ട്‌ടം രേഖപ്പെടുത്തിയിരിക്കുന്നത് ഡൽഹിയിലാണ്. തട്ടിപ്പിനിരയായവർക്ക് ശരാശരി 8 ലക്ഷം രൂപ വീതമാണ് ആളോഹരി നഷ്‌ടം.

വിവിധ ഡിജിറ്റൽ മാർഗങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇതിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും മെസേജിങ് ആപ്പുകളും പ്രധാന പങ്ക് വഹിക്കുന്നു. ഏകദേശം 20 ശതമാനം കേസുകളും നടക്കുന്നത് വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ വഴിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്വിറ്റർ, ലിങ്ക്‌ഡ്‌ഇൻപോലുള്ള നെറ്റ്‌വർക്കുകൾ തട്ടിപ്പിനായി വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നും ഇവയിലൂടെയുള്ള തട്ടിപ്പുകൾ 0.31 ശതമാനം മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Posts