കുടകിലെ തടിയൻഡമോൾ മലമുകളിലെ കൊടുംകാട്ടിൽ നാദാപുരം സ്വദേശിയായ ജി.എസ്. ശരണ്യ ട്രക്കിങ്ങിനിടെ കുടുങ്ങിപ്പോയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ട്രക്കിങിന് നിബന്ധനകളും വ്യവസ്ഥകളും പ്രഖ്യാപിച്ച് കർണാടക വനംവകുപ്പ്. ട്രക്കിങ് കേന്ദ്രങ്ങളിൽ അപകടത്തിൽപ്പെടുന്നതും ആളുകളെ കാണാതാവുന്നതും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണിത്. മൂന്നുരാത്രിയും രണ്ടുപകലും കാട്ടിൽ ഒറ്റപ്പെട്ടുകഴിഞ്ഞ ശരണ്യയെ മൂന്നു ദിവസത്തിനുശേഷം രക്ഷപ്പെടുത്തുകയായിരുന്നു.

യാത്രാസഹായിയില്ലാതെ ഒരാളെയും കർണാടകത്തിൽ ട്രക്കിങ്ങിന് അനുവദിക്കില്ലെന്ന് എസ്.ഒ.പി. പുറത്തിറക്കിക്കൊണ്ട് വനംമന്ത്രി ഈശ്വർ ഖാൻഡ്രെ പറഞ്ഞു. എസ്.ഒ.പി. പ്രകാരം പത്ത് മലകയറ്റക്കാർക്ക് ഒരു അംഗീകൃത യാത്രാ സഹായി(ഗൈഡ്)വീതം വേണം. ട്രക്കിങ്ങിന് ഒരാൾ മാത്രമേയുള്ളൂവെങ്കിലും യാത്രാസഹായിയെ ലഭ്യമാക്കിയിരിക്കണമെന്നാണ് നിർദേശം. ഗൈഡുമാർ പ്രഥമശുശ്രൂഷാ കിറ്റ് കരുതണം. ഗൈഡുമാർക്ക് ജി.പി.എസ്. പ്രാവർത്തികമാക്കിയ വോക്കി ടോക്കികൾ ഉണ്ടായിരിക്കണം.

ട്രക്കിങിന് എത്തുന്നവർ വനംവകുപ്പിൽ ഓൺലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വനംവകുപ്പ് തയ്യാറാക്കിയ ട്രാക്കിങ് ആപ്ലിക്കേഷൻ മൊബൈൽഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. അടിയന്തര സാഹചര്യങ്ങളിൽ സഹായമെത്തിക്കുന്നത് എളുപ്പമാക്കാനാണിത്.

ട്രക്കിങ് കേന്ദ്രങ്ങളിൽ അടയാള ബോർഡുകൾ, വിശ്രമകേന്ദ്രങ്ങൾ, കുടിവെള്ളസൗകര്യങ്ങൾ, ശൗചാലയങ്ങൾ എന്നിവ സ്ഥാപിക്കണം. വയോധികർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതിപത്രം നിർബന്ധമാക്കി. ഫ്ളാഷ് ലൈറ്റ് ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി, പ്ലാസ്റ്റിക് എന്നിവയും നിരോധിച്ചു. യാത്രയ്ക്ക് എടുക്കുന്ന സമയം, ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം, ഭൂപ്രദേശത്തിൻ്റെ പ്രത്യേകതകൾ, വന്യജീവികളുടെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കാം തുടങ്ങിയ കാര്യങ്ങൾ ബേസ് ക്യാമ്പിൽവെച്ച് ട്രക്കർമാരെ ബോധവത്കരിക്കണമെന്നും എസ്.ഒ.പി.യിൽ നിർദേശമുണ്ട്.

Related Posts