കർണാടക ആർ.ടി.സി. ബസുകളിൽ ലഗേജ് ചാർജ് വർധിപ്പിച്ച് കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്‌ടർ ഉത്തരവിറക്കി. 15 ശതമാനം വർധന ഇന്ന് മുതൽ നിലവിൽ വരും. 30 കിലോയിൽ കൂടുതൽ തൂക്കമുള്ള ലഗേജിനാണ് ചാർജ് ഈടാക്കുക. ലഗേജ് ചാർജ് വർധിപ്പിക്കുന്നതിനനുസരിച്ച് യാത്രാ ടിക്കറ്റ് ചാർജ് വർധിപ്പിച്ചിട്ടില്ല. കഴിഞ്ഞ വർഷം നവംബറിലാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. അന്ന് ലഗേജ് ചാർജ് വർധിപ്പിച്ചിരുന്നില്ല.
സ്‌റ്റേജ് അടിസ്ഥാനമാക്കിയാണ് ലഗേജ് ചാർജും ഈടാക്കുക. ആറ് കിലോമീറ്റർ വ്യത്യാസത്തിലാണ് സ്‌റ്റേജുകൾ നിജപ്പെടുത്തിയിരിക്കുന്നത്. ഒന്നു മുതൽ അഞ്ചുവരെ സ്റ്റേജുകളിലേക്ക് ആറ് രൂപയാണ് ലഗേജിന് ഈടാക്കുക. ആറ് മുതൽ പത്ത് വരെ സ്റ്റേജുകളിലേക്ക് 12 രൂപയും 11 മുതൽ 15 വരെ സ്റ്റേജുകളിലേക്ക് 20 രൂപ, 16 മുതൽ 20 വരെ സ്റ്റേജുകളിലേക്ക് 25 രൂപ, 21 മുതൽ 50 വരെ സ്റ്റേജുകളിലേക്ക് 28 രൂപ മുതൽ 50 രൂപ, 51 മുതൽ 55 വരെ സ്റ്റേജുകൾക്ക് 54 രൂപ, സ്റ്റേജ് 156 മുതൽ 160 വരെയാകുമ്പോൾ 145 രൂപ എന്നിങ്ങനെയാണ് ലഗേജ് ചാർജ്. കേരളത്തിലേക്കുൾപ്പെടെയുള്ള ദീർഘദൂരയാത്രക്കാരുടെ ലഗേജുകൾക്കായിരിക്കും ഇത്രയും തുക നൽകേണ്ടിവരുക.