തിരുവനന്തപുത്തെ നഗരസഭാ ഭരണം ബിജെപിക്ക് കിട്ടിയതിന് ശേഷമുള്ള നഗരത്തിൻ്റെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. ജനുവരി 23-നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. പുത്തരിക്കണ്ടം മൈതാനത്തോ സെൻട്രൽ സ്റ്റേഡിയത്തിലോ ആയിരിക്കും ചടങ്ങ് സംഘടിപ്പിക്കുകയെന്നാണ് നിലവിലുള്ള വിവരം.
നഗരത്തിൻ്റെ മുഖച്ഛായ മാറ്റാനുതകുന്ന വികസന രേഖയായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യപിക്കുകയെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. നഗരസഭാ ഭരണം ബിജെപിക്ക് ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വികസന രേഖാ പ്രഖ്യാപനത്തിനായി ഈ വാഗ്ദാനം പാലിച്ചുകൊണ്ടാണ് പ്രധാനമന്ത്രി എത്തുന്നത്.