മലബാർ മുസ്ലിം അസോസിയേഷൻ്റെ (എംഎംഎ) 90-ാം വാർഷികാഘോഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 മണിക്ക് ബാംഗ്ലൂർ സിറ്റി സർവകലാശാല ക്യാംപസിലെ ജ്ഞാന ജ്യോതി സെൻട്രൽ കോളജ് ഓഡിറ്റോറിയത്തിലാണ് വാർഷികാഘോഷം. ചടങ്ങിൽ പൊതുപ്രവർത്തനരംഗത്ത് 60 വർഷം പൂർത്തിയാക്കിയ എംഎംഎ പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദിനെ ആദരിക്കും.
ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, സ്പീക്കർ യു.ടി.ഖാദർ, മന്ത്രിമാരായ ജി.പരമേശ്വര, രാമലിംഗ റെഡ്ഡി, കെ.ജെ.ജോർജ്, ദിനേശ് ഗുണ്ടുറാവു, കൃഷ്ണ ബൈര ഗൗഡ, സുരേഷ് ലാഡ്, എച്ച്.സി.മഹാദേവപ്പ്, പ്രിയങ്ക് ഖർഗെ, ബൈരതി സുരേഷ് എന്നിവർ പങ്കെടുക്കും. കേരളത്തിൽനിന്ന് മുസ്ലീംലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി എന്നിവരും പരിപാടിയിലെത്തും.
1935ൽ സ്ഥാപിച്ച എംഎംഎ വിദ്യാഭ്യാസം, ജീവകാരുണ്യം, ഭവ നനിർമാണം, ആരോഗ്യം എന്നീ മേഖലകളിലേക് പ്രവർത്തനം വ്യാപിപ്പിച്ചു. ചാരിറ്റി ഹോം പദ്ധതിയിൽ നീലസന്ദ്രയിൽ 27 വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ജനറൽ സെക്രട്ടറി ടി.സി.സിറാജ് പറഞ്ഞു. 60 വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ, 90 വിദ്യാർഥികൾക്ക് സൈക്കിളുകൾ എന്നിവ ചടങ്ങിൽ നൽകുമെന്ന് പ്രസിഡണ്ട് ഡോ.എൻ.എ.മുഹമ്മദ് പറഞ്ഞു. എം.എ ഗഫൂർ, കണ്ണൂർ ആബിദ് എന്നിവർ നയിക്കുന്ന സംഗീതവിരുന്ന്, കളരിപ്പയറ്റ്, മാപ്പിപ്പാട്ട്, മിമിക്രി എന്നിവയുണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.