കൈരളി കലാസമിതി ബെംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ ഓണോത്സവം 2026 സെപ്റ്റംബർ 13ന് കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. കേരള സംസ്ഥാന വനിതാ-ശിശു വികസന മന്ത്രി ബിന്ദു കൃഷ്ണ മുഖ്യാതിഥിയാകും. കെ.ആർ. പുരം എംഎൽഎ ബൈരതി ബസവരാജ്, പ്രശസ്ത എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനം എന്നിവർ വിശിഷ്ടാതിഥികളാകും.
പൂക്കള മത്സരത്തോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കമാകുക. തുടർന്ന് കൈരളി മഹിളാവേദി, കൈരളി നിലയം സ്കൂളിലെ വിദ്യാർഥികൾ, യുവജനവേദി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. തുടർന്ന് ഓണസദ്യയും ഉണ്ടായിരിക്കും.
കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളിയുടെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജനറൽ സെക്രട്ടറി പി.കെ. സുധീഷ് സ്വാഗതം പറയും. വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ ജെ. നായർ മന്ത്രി ബിന്ദു കൃഷ്ണയെ പരിചയപ്പെടുത്തും. ട്രഷറർ വി.എം. രാജീവ് ബൈരതി ബസവരാജ് എംഎൽഎയെയും അസിസ്റ്റന്റ് സെക്രട്ടറി വിജയകുമാർ സി. സന്തോഷ് ഏച്ചിക്കാനത്തെയും പരിചയപ്പെടുത്തും. ജോയിന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ നന്ദി പറയും.
രഹിത കൃഷ്ണദാസും ചെറുശ്ശേരി അർജുനും സംഘവും അവതരിപ്പിക്കുന്ന ഡബിൾ തായമ്പക അരങ്ങേറും. ഓണോത്സവത്തിൻ്റെ പ്രധാന ആകർഷണം പിന്നണി ഗായകൻ എം.ജി. ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശയായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 98454 39090