മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റിയാനി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ 11ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്തരിച്ചത്.

ഇടുക്കിയിലെ ആദ്യ ഡിസിസി പ്രസിഡണ്ടായിരുന്ന ജോസ് കുറ്റിയാനി ജില്ലയിൽ കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ദീർഘകാലം എഐസിസി അംഗമായും കെപിസിസി നിർവാഹകസമിതി അംഗമായും പ്രവർത്തിച്ചു. മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ അടുത്ത അനുയായിയായിരുന്നു.

ഇടക്കാലത്ത് കോൺഗ്രസിൽ നിന്ന് പുറത്തുപോയെങ്കിലും പിന്നീട് പാർട്ടിയിൽ തിരിച്ചെത്തി. 2009ൽ എൻസിപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി ലോക്സഭയിലേക്കും മത്സരിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

മൃതശരീരം ചൊവ്വാഴ്ച വീട്ടിലെത്തിക്കും. സംസ്കാരം മുട്ടം സിബിഗിരി പള്ളിയിൽ നടക്കും.

Related Posts