വിദ്യാർഥികളെ കൊണ്ട് കാല് കഴുകിച്ച സംഭവത്തെ ന്യായീകരിച്ച ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വിദ്യാർഥികളെ കൊണ്ട് കാല് കഴുകിപ്പിക്കുന്നത് പോലുള്ള സംസ്കാരം എന്തായാലും കേരളത്തിനില്ലെന്നു മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ ബിജെപി ജില്ലാ സെക്രട്ടറിയുടെ കാല് വരെ കുഞ്ഞുങ്ങള്‍ക്ക് കഴുകേണ്ടിവന്നെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ സംസ്കാരത്തിനും ഇത് യോജിച്ച ഒന്നല്ല എന്നുതന്നെയാണ് ഞങ്ങളുടെയൊക്കെ അഭിപ്രായം.
ഇപ്പോൾ ഗവർണറുടെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത് ആർഎസ്എസിന്റെ അജണ്ടയാണ്. കേരളത്തിൽ പഠിക്കുന്ന ഒരു വിദ്യാർഥിയെക്കൊണ്ടും അധ്യാപകന്റെയോ മറ്റാരുടേയോ കാല് കഴുകിപ്പിക്കുന്നതിനുള്ള ഒരവസരം ഉണ്ടാക്കില്ല. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നുള്ള നിർദേശം ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് നൽകാൻ പോവുകയാണെന്നും ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ 4 വര്‍ഷം കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ നേട്ടം ഉണ്ടായി. അതിനെ തകര്‍ക്കുന്ന നിലപാടാണ് പഴയ ഗവര്‍ണറും പുതിയ ഗവര്‍ണറും സ്വീകരിക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു.