പാർട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ നേതാക്കൾ നടത്തരുതെന്ന മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവകളെ പാർട്ടി തളളുമെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ, എ.കെ. ബാലൻ എന്നിവർ സമീപ കാലത്ത് നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
കാസർഗോഡ് മുനിസിപ്പാലിറ്റി, മലപ്പുറം ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിജയികളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാമെന്ന് സജി ചെറിയാൻ പറഞ്ഞിരുന്നു. വിവാദമായതിനെ തുടർന്ന് മന്ത്രി ഖേദപ്രകടനം നടത്തി.