തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിപാടികളിൽ പാലിക്കേണ്ട ഹരിത പ്രോട്ടോകോൾ പാലിക്കാതെ നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് തന്നെ നൽകി കുത്തനൂർ പഞ്ചായത്ത് ഭരണസമിതി. അതിലെ ചട്ടലംഘനം വേദിയിൽ നിന്ന് തന്നെ ബൊക്കെ വാങ്ങാതെ മന്ത്രി എംബി രാജേഷ് ചൂണ്ടിക്കാട്ടി. 10,000 രൂപ പിഴയീടാക്കാൻ കഴിയുന്ന കുറ്റമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷ്. സംഘാടകര്‍ നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ ഇതിനിടെയാണ് നല്‍കാനൊരുങ്ങിയത്. വേദിയില്‍ പ്രസംഗിക്കവെ മന്ത്രി ഇതിനെ പരസ്യമായി വിമര്‍ശിക്കുകയും 10,000 രൂപ പിഴ ഈടാക്കേണ്ട സംഭവമാണ് ഉണ്ടായതെന്നും പ്രതികരിച്ചു.

പ്ലാസ്റ്റിക് ഉപയോഗം തടയേണ്ട വകുപ്പ് തന്നെയാണ് അത് ലംഘിച്ചത്. പലരും സർക്കാർ ഉത്തരവ് പോലും വായിച്ച് നോക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ചില പരിപാടികളില്‍ പ്ലാസ്റ്റിക് ബൊക്കെ നല്‍കിയുള്ള സ്വീകരണത്തെ എം ബി രാജേഷ് വിമര്‍ശിച്ചിരുന്നു.

Related Posts