ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഊട്ടിക്കടുത്ത കടിമണ്ടു സ്വദേശി പുഷ്തൽ കുട്ടനാണ് (57) കൊല്ലപ്പെട്ടത്. തോഡർ ഗോത്ര വിഭാഗത്തിൽപ്പെട്ട ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രി കാണാതാകുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിലാണു കുറ്റിക്കാട്ടിനുള്ളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിന്റെ പകുതി ഭാഗവും കടുവ ഭക്ഷിച്ച നിലയിലായിരുന്നു.
വനപാലകരെ വിവരമറിയിച്ചതനുസരിച്ച് ഡിവൈഎസ്പി മണികണ്ഠൻ, ഫോറസ്റ്റ് ഓഫീസർ രാംപ്രസാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.നാട്ടുകാർ കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഊട്ടി സോളൂർ ജംഗ്ഷനിൽ ഊട്ടി-ഗൂഡല്ലൂർ ദേശീയപാത ഉപരോധിച്ചു. മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിലേക്കു മാറ്റി.