ആൾക്കൂട്ടത്തിന് നേരെ മെക്‌സിക്കോയിൽ വെടിവെപ്പ്. മെക്സിക്കൻ സംസ്ഥാനമായ ഗ്വാനാഹ്വാതോയിലാണ് സംഭവം. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. അക്രമി ആളുകൾക്ക് നേരെ വെടിയുതിർത്തത് ഗ്വാനാഹ്വാതോയിലെ ഈരാപ്വാതോ തെരുവിൽ നടന്ന ആഘോഷത്തിനിടയ്ക്കാണ്. ക്രിസ്തീയ വിശ്വാസികൾ വിശുദ്ധനായി കരുതുന്ന സ്‌നാപകയോഹന്നാൻ്റെ ഓർമ്മത്തിരുന്നാൾ ആചരിക്കുന്നവർക്ക് നേരെയാണ് ആക്രമണം നടന്നത്.

സാമൂഹിക മാധ്യമങ്ങളിൽ ആക്രമണത്തിൻ്റെതെന്ന് കരുതുന്ന സ്ഥിരീകരിക്കാത്ത ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ആക്രമണത്തെ മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം അപലപിച്ചു. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. ഏറ്റവും അക്രമം നിറഞ്ഞ സംസ്ഥാനമാണ് മെക്സിക്കോയിലെ ഗ്വാനാഹ്വാതോ. ലഹരി മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും ഏറ്റുമുട്ടലുകളും കൊണ്ട് കുപ്രസിദ്ധമാണ് ഇവിടം. ഈ സംസ്ഥാനത്ത് ഈ വർഷം ആദ്യത്തെ 5 മാസത്തിനിടെ 1435 കൊലപാതകങ്ങളാണ് നടന്നത്.

Related Posts