ബംഗളൂരിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൻ്റെ പതിമൂന്നാം നിലയിൽ നിന്ന് റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതി വീണു മരിച്ചു. ബംഗളൂരു പരപ്പന അഗ്രഹാരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നാണ് യുവതി താഴെ വീണത്. ബീഹാർ സ്വദേശിനിയാണ് യുവതി. അർദ്ധരാത്രിയോടെ യുവതീയുവാക്കൾ അടങ്ങിയ ഒരു സംഘത്തോടൊപ്പമാണ് യുവതി നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് പോയത്.

ഇവർക്കിടയിൽ ഇവിടെവച്ച് പ്രണയബന്ധങ്ങളെച്ചൊല്ലി തർക്കമുണ്ടായി എന്നാണ് റിപ്പോർട്ട്, ഇതിനുശേഷം റീൽസ് എടുക്കാൻ കെട്ടിടത്തിന് മുകളിലേക്ക് പോകവെ കാൽവഴുതി താഴെ വീഴുകയായിരുന്നു. യുവതി ലിഫ്റ്റ് സ്ഥാപിക്കാൻ ഒഴിച്ചിട്ടിരുന്ന ഭാഗത്തിലൂടെയാണ് താഴേക്ക് വീണത്. സംഘത്തിലുണ്ടായിരുന്ന മറ്റുളവർ അപകടം നടന്നയുടൻ ഓടിരക്ഷപ്പെട്ടു. യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ആരും ശ്രമിച്ചില്ല. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല എന്നാണ് പൊലീസ് നൽകുന്ന സൂചന.

കെട്ടിടത്തിൽ പാർട്ടി നടത്തിയെന്നും റീൽസ് ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ കരുതുന്നത് അപകടമാണെന്നാണ്. ബന്ധത്തിലെ പ്രശ്നത്തിൻ്റെ പേരിൽ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി പറഞ്ഞു. സുഹൃത്തുക്കളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അവർ വ്യക്തമാക്കി. ബീഹാർ സ്വദേശിയായ യുവതി കുറച്ചുനാൾ മുമ്പാണ് ബംഗളൂരുവിൽ എത്തിയത്. ഒരു ഷോപ്പിംഗ് മാളിൽ ഇവർ ജോലിചെയ്യുകയായിരുന്നു.

Related Posts