ഓണാഘോഷങ്ങൾക്ക് ആവേശം പകർന്ന് കേരള സമാജം നെലമംഗലയുടെ മെഗാ വടംവലി മത്സരം അരങ്ങേറി. ഒക്ടോബർ 4ന് ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നിരവധി ടീമുകൾ മാറ്റുരച്ചു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ തണ്ടർ ബോയ്സ് മീനങ്ങാടി ഒന്നാം സ്ഥാനം സ്വന്തമാക്കി.
സുൽത്താൻ ബോയ്സ് ബത്തേരി രണ്ടാം സ്ഥാനവും ബ്രദേഴ്സ് പറവൂർ കണ്ണൂർ മൂന്നാം സ്ഥാനവും നേടി. വയനാട് IRE വടംവലി അസോസിയേഷൻ്റെ നേതൃത്വത്തിലായിരുന്നു മത്സരങ്ങളുടെ നിയന്ത്രണം.
കേരള സമാജം നെലമംഗല പ്രസിഡണ്ട് ശശി വേലപ്പൻ മെഗാ വടംവലി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മിനി നന്ദകുമാർ, ട്രഷറർ ദീപു പത്മനാഭൻ, രക്ഷാധികാരികളായ യു.എൻ. രവീന്ദ്രൻ, വൈ. ജോർജ്, വൈസ് പ്രസിഡണ്ട് സുജീഷ് കൃഷ്ണ, വടംവലി കൺവീനർ കലേഷ് ജി. ബാബു, ഉതുപ്പ് ജോർജ്, ജിതിൻ കെ. ജോസ്, സതീഷ് കുമാർ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ കായികപ്രേമികളുടെ വലിയ സാന്നിധ്യവും ആവേശകരമായ പിന്തുണയും ശ്രദ്ധേയമായി.