മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. കോൺഗ്രസ് നേതൃത്വത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ആകാശവാണി ഭവന് മുന്നിലെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ഇടത് എംപിമാരെ ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ എ.എ.റഹീം, ജോൺ ബ്രിട്ടാസ്, പി.സന്തോഷ് കുമാർ, വി.ശിവദാസൻ എന്നിവരും കസ്റ്റഡിയിലായി.

പൊലീസ് വാഹനത്തിലേക്ക് തങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് കയറ്റിയതെന്ന് എംപിമാർ ആരോപിച്ചു. വാഹനത്തിനുള്ളിൽ തങ്ങളെ മർദിച്ചത് ഡൽഹി പൊലീസല്ലെന്നും കേന്ദ്രസേനയിലെ ഉദ്യോഗസ്ഥരാണെന്നും എ.എ. റഹീം ആരോപിച്ചു. രാജ്യസഭാംഗത്തിന് നേരെ കേന്ദ്രസേനാംഗങ്ങൾ മർദനം നടത്തിയെന്ന ആരോപണം ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മർദനമേറ്റ റഹീമിന് അടിയന്തര വൈദ്യസഹായം നൽകണമെന്ന് കസ്റ്റഡിയിലായ ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. സംഭവത്തിൽ പരാതി നൽകാനും തുടർനടപടികൾ സ്വീകരിക്കാനും പ്രതിപക്ഷ സഖ്യം തീരുമാനിച്ചിട്ടുണ്ട്.

Related Posts