ടെക്നോപാർക്ക് പരിസരത്ത് മയക്കുമരുന്ന് വിൽപ്പന നടത്താൻ എത്തിയ രണ്ട് യുവാക്കളെ സിറ്റി ഡാൻസാഫ് സംഘം സാഹസികമായി പിടികൂടി. ആക്കുളം കരിമണൽ സ്വദേശി സച്ചു (27), മൺവിള സ്വദേശി അഖിൽ (25) എന്നിവരാണ് കോവളം ജങ്ഷനിൽ പോലീസിൻ്റെ വലയിലായത്. ഇവരിൽ നിന്ന് ഏകദേശം നാല് ലക്ഷം രൂപ വിലമതിക്കുന്ന 115 ഗ്രാം എംഡിഎംഎ, അഞ്ച് ഗ്രാം ഹാഷിഷ് ഓയിൽ, 50 ഗ്രാം കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു.
മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പ്രതികളുടെ കൈവശം കണ്ടെത്തി. കഴക്കൂട്ടം–കാരോട് ദേശീയപാതയിലെ കോവളം ജങ്ഷനിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ ഡാൻസാഫ് സംഘം തടഞ്ഞത്. ഒരു ആംബുലൻസ് ഉപയോഗിച്ച് കാറിന് മുന്നിൽ മാർഗതടസ്സം സൃഷ്ടിച്ച ശേഷമാണ് വാഹനം നിർത്തിച്ചത്. കാർ തുറന്ന് പുറത്തിറങ്ങാൻ ആദ്യം പ്രതികൾ വിസമ്മതിച്ചെങ്കിലും പിന്നീട് പോലീസ് ബലം പ്രയോഗിച്ച് ഇരുവരെയും കീഴ്പ്പെടുത്തുകയായിരുന്നു.
സിറ്റി പോലീസ് കമ്മിഷണർ ഡോ. അരുൾ ബി.ആർ. കൃഷ്ണയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക നിരീക്ഷണവും തുടർന്നുള്ള പരിശോധനയും. അന്വേഷണത്തിൽ, നാല് ദിവസം മുൻപാണ് പ്രതികൾ ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് ശേഖരിച്ച് കാറിൽ തിരുവനന്തപുരത്തേക്ക് മടങ്ങിയതെന്ന് വ്യക്തമായി.
പിടിക്കപ്പെടാതിരിക്കാൻ കാറിൻ്റെ ഡാഷ്ബോർഡിനുള്ളിൽ പ്രത്യേകമായി നിർമ്മിച്ച രഹസ്യ അറയിലാണ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഒളിപ്പിച്ചിരുന്നത്. ടെക്നോപാർക്ക് മേഖലയിലും സമീപ പ്രദേശങ്ങളിലുമുള്ള യുവാക്കളെയും ഐ.ടി. ജീവനക്കാരെയും ലക്ഷ്യമിട്ടായിരുന്നു വിൽപ്പനാ പദ്ധതി തയ്യാറാക്കിയതെന്നാണ് പോലീസിൻ്റെ നിഗമനം.
കഴിഞ്ഞ രണ്ട് വർഷമായി ലഹരിമരുന്ന് കടത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് അറിയിച്ചു. തുടർന്ന് ഇരുവരെയും കോവളം പോലീസിന് കൈമാറി കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികൾ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.