നാഗാലാൻഡിലെ മോൻ ജില്ലയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ഒരു കുട്ടിയെ കാണാതായതായും നിരവധി വീടുകൾ പൂർണമായും തകർന്നതായും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു ദുരന്തം.
തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
നാഗാലാൻഡ് പൊലീസ്, ഇന്ത്യൻ കരസേന, സംസ്ഥാന ദുരന്തനിവാരണ സേന, പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ കനത്ത മഴയും പ്രക്ഷുബ്ധമായ ഭൂപ്രകൃതിയും ദുരന്തബാധിത പ്രദേശങ്ങളിലൂടെ ശക്തമായ ജലപ്രവാഹവും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുകയാണ്.
മേഖലയിൽ മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ദുരന്തത്തിൽ നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. ദുരിതബാധിതർക്കാവശ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.