സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ടെമ്പിൾ ഏരിയ സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വൃന്ദാവനം ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗോകുലോത്സവം 2026 വർണാഭമായ പരിപാടികളോടെ സമാപിച്ചു.
പ്രീതി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുട്ടികൾ ദേശഭക്തിഗാനങ്ങൾ, ഭക്തിഗാനങ്ങൾ, നൃത്തങ്ങൾ, നൃത്തനൃത്യങ്ങൾ, മോണോ ആക്ട്, കൃഷ്ണവേഷം, പ്രസംഗം, ശ്ലോകം, കവിതകൾ, നാടകം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികളുടെ മികച്ച പ്രകടനങ്ങൾ സദസ്സിൻ്റെ കൈയടി നേടി.
പരിപാടിയുടെ ഉദ്ഘാടനം മുഖ്യാതിഥി ജ്യോതി എച്ച്. മേനോൻ കൂടെ കേന്ദ്ര, ഭാഗ് ബാലഗോകുലം ഉത്തരവാദിത്തപ്പെട്ടവർ ഭദ്രദീപം കൊളുത്തി നിർവഹിച്ചു. ചടങ്ങിൽ വൃന്ദാവനം ബാലഗോകുലം പ്രസിഡണ്ട് രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സെൻട്രൽ, ഭാഗ് ബാലഗോകുലത്തിൻ്റെ ഭാരവാഹികളും പ്രവർത്തകരും രക്ഷിതാക്കളും നിരവധി വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.
പരിപാടികളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഗോകുല മുദ്ര ആലേഖനം ചെയ്ത കപ്പുകൾ സമ്മാനമായി വിതരണം ചെയ്തു.
കുട്ടികളിൽ ഭാരതീയ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഗോകുലോത്സവം മികച്ച വേദിയായതായി സംഘാടകർ അറിയിച്ചു. ഗോകുലം സെക്രട്ടറി ഉഷാറാണിയുടെ നന്ദി പ്രകടത്തിനു ശേഷം ശാന്തി മന്ത്രത്തോടെ കാര്യ പരിപാടികൾ അവസാനിച്ചു.