താരസംഘടനയായ ‘അമ്മ’യിൽ പ്രതിസന്ധി രൂക്ഷമായി. പ്രസിഡണ്ട് ശ്വേതാ മേനോൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കി നിൽക്കെയാണ് കൂട്ടരാജി. നേരത്തെ ജോയിന്റ് സെക്രട്ടറിയായ അൻസിബ ഹസനും സ്ഥാനം ഒഴിഞ്ഞിരുന്നു.
ജനറൽ ബോഡി യോഗത്തിനിടെയാണ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചത്. അവിശ്വാസ പ്രമേയം നേരിടാതെയാണ് മുഴുവൻ ഭരണസമിതിയും പടിയിറങ്ങിയത്. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം ജനറൽ ബോഡി തീരുമാനിക്കും. തുടർന്ന് പുതിയ ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കും.
2025 ഓഗസ്റ്റ് 15-നാണ് ശ്വേതാ മേനോൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലെത്തിയത്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി വനിതകൾ തലപ്പത്തെത്തിയ ഭരണസമിതിയായിരുന്നു ഇത്. എന്നാൽ ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപേ തന്നെ ഭരണസമിതി രാജിവെക്കേണ്ട സാഹചര്യമുണ്ടായി.
യോഗത്തിൽ സംസാരിക്കവെ രാഷ്ട്രീയപക്ഷപാത ആരോപണങ്ങൾ ശ്വേതാ മേനോൻ തള്ളി. ബിജെപിയെയോ കോൺഗ്രസിനെയോ അനുകൂലിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും, ചില താരങ്ങളുടെ രാഷ്ട്രീയ സ്ഥാനാർഥിത്വവുമായി തനിക്ക് ബന്ധമില്ലെന്നും അവർ വ്യക്തമാക്കി.