സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ വീണ്ടും ഹാജരായി. നേരത്തെ ജൂൺ 29-ന് ഹാജരാകാമെന്ന് അറിയിച്ചിരുന്നുവെങ്കിലും, എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ ഭാഗമായ 134 നിർണായക രേഖകൾ ഇഡിക്ക് ലഭിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യൽ വേഗത്തിലാക്കി.

ജൂൺ 17-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിൻ്റെ തുടർച്ചയായാണ് ഇന്നത്തെ ചോദ്യം ചെയ്യൽ. ആദ്യ ഹാജരിൽ കൂടുതൽ രേഖകൾ സമർപ്പിക്കാൻ സമയം വേണമെന്ന് വീണ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അക്കൗണ്ട് വിവരങ്ങളും കരാർ രേഖകളും ഇഡി പരിശോധിക്കുകയും, തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കർ ഉൾപ്പെടെ പരിശോധന നടത്തുകയും ചെയ്തിരുന്നു.

വീണയുടെ ചോദ്യം ചെയ്യലിന് പിന്നാലെ സിഎംആർഎൽ, എംപവർ ഇന്ത്യ ക്യാപിറ്റൽ കമ്പനികളുമായി ബന്ധപ്പെട്ട ഡയറക്ടർമാരെയും ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച മൊഴികളും പുതിയ രേഖകളും അടിസ്ഥാനമാക്കിയാകും തുടർനടപടികൾ.

കരിമണൽ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക തെളിവുകളാണ് ഇപ്പോൾ ഇഡിയുടെ കൈവശമുള്ളത്. അന്വേഷണത്തിന്റെ അടുത്തഘട്ടത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇഡി ഡയറക്ടർ രാഹുൽ നവീൻ നേരിട്ട് അന്വേഷണം വിലയിരുത്തുന്ന സാഹചര്യത്തിൽ തുടർനീക്കങ്ങൾ നിർണായകമാകും. 2024-ൽ ആരംഭിച്ച അന്വേഷണത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Related Posts