അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൈകാര്യം ചെയ്തതിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഉത്തരവാദികൾക്കെതിരെ ഉടൻ കേസെടുക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ആവശ്യപ്പെട്ടു. സംഭാവന തട്ടിപ്പിന് വ്യക്തമായ തെളിവുകളുണ്ടെന്നും രാമഭക്തർ വഞ്ചിക്കപ്പെട്ടുവെന്നും വിഎച്ച്പി നേതാവ് അലോക് കുമാർ ആരോപിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) പ്രാഥമിക റിപ്പോർട്ടിൽ ക്ഷേത്ര ട്രസ്റ്റിൻ്റെ മേൽനോട്ടത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 150 ജീവനക്കാരെ കൂടി അന്വേഷണസംഘം തിരിച്ചറിഞ്ഞതായും റിപ്പോർട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിഎച്ച്പിയുടെ വാർഷിക യോഗവും മാറ്റിവെച്ചു.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ഉൾപ്പെടെ 17 പേർക്കെതിരെ കേസെടുക്കാൻ മതിയായ സാഹചര്യ തെളിവുകളുണ്ടെന്ന് അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ചമ്പത് റായിയുമായി അടുത്ത ബന്ധമുള്ള ചില ക്ഷേത്ര ജീവനക്കാരുടെ വീടുകളിൽ നിന്ന് ക്ഷേത്രത്തിലെ ആഭരണങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ട്രസ്റ്റ് അംഗം അനിൽ മിശ്രയും അഡ്മിനിസ്ട്രേറ്റർ ഗോപാൽ റായിയും അന്വേഷണ പരിധിയിലുണ്ട്.
സംഭവം അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും വലിയ രാഷ്ട്രീയ പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തൽ. ചമ്പത് റായിക്കെതിരായ നടപടിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണവും നിർണായകമാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.