ബെംഗളൂരുവിൽ രണ്ടാം ഭാര്യയെ അവരുടെ മകളുടെ മുന്നിൽ വെച്ച് യുവാവ് വെട്ടിക്കൊന്നു. കൃത്യം ചെയ്ത ശേഷം പ്രതി പൊലീസിൽ കീഴടങ്ങി. തുമകൂരു സിറ പട്ടണം സ്വദേശി ലോകേഷ് (43) ആണ് കീഴടങ്ങിയത്. കൊല്ലപ്പെട്ട രണ്ടാം ഭാര്യ ഹാസൻ ചന്നരായപട്ടണ സ്വദേശി രേഖയുടെ(34) ദേഹത്ത് 11 മുറിവുകളുണ്ട്. കൊലപാതക കുറ്റത്തിന് കേസെടുത്തതായി ബംഗളൂരു വെസ്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ഗിരീഷ് പറഞ്ഞു.

വിവാഹമോചിതയും രണ്ട് പെൺമക്കളുടെ മാതാവുമായ രേഖ അടുത്തിടെയാണ് ലോകേഷിനെ വിവാഹം കഴിച്ചത്. ലോകേഷിൻ്റെയും രണ്ടാം വിവാഹമായിരുന്നു. സ്വകാര്യ കമ്പനി ജീവനക്കാരിയായ രേഖ ഇളയ മകളെ മാതാപിതാക്കൾക്കൊപ്പവും മുത്തവളെ തൻ്റെ കൂടെയുമാണ് താമസിപ്പിച്ചിരുന്നത്. മുത്ത മകളേയും പറഞ്ഞയക്കണമെന്ന് ലോകേഷ് ആവശ്യപ്പെട്ടെങ്കിലും രേഖ വിസമ്മതിച്ചു.


രേഖക്ക് ജോലിസ്ഥലത്ത് അവിഹിത ബന്ധമുണ്ടെന്നും ലോകേഷ് സംശയിച്ചു. ബംഗളൂരു സുങ്കടകട്ടെക്ക് സമീപം ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന രേഖയെ ലോകേഷ് മകളുടെ മുന്നിൽ വെച്ച് നെഞ്ചിലും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും കുത്തുകയായിരുന്നു. സമീപത്തുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും അവരെ ഭീഷണിപ്പെടുത്തി.

രേഖയും കാബ് ഡ്രൈവറായ ലോകേഷും ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ സുഹൃത്തുക്കൾ വഴിയാണ് കണ്ടുമുട്ടിയത്. ഒന്നര വർഷമായി ലിവ്-ഇൻ ടുഗദർ ബന്ധത്തിലായിരുന്ന ഇവർ അടുത്തിടെയാണ് വിവാഹം കഴിച്ചത്. സുങ്കടകട്ടെയിൽ വാടക വീട്ടിലാണ് താമസം. അവിടെ രേഖയുടെ മുത്ത മകളെച്ചൊല്ലി ലോകേഷ് ഇടക്കിടെ വഴക്കുണ്ടാക്കിയിരുന്നു. തുടർന്ന് രേഖ മകളുമായി വീട് വിട്ടതിൽ പ്രകോപിതനായാണ് ലോകേഷ് കൊലപ്പെടുത്തിയത്.

Related Posts