സ്ത്രീധന പീഡനത്തെത്തുടർന്ന് കർണാടകയിലെ ബെല്ലാരിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വെറ്ററിനറി ഡോക്ടറും അമ്മയും പോലീസ് അറസ്റ്റിൽ. കാംപ്ലി പട്ടണത്തിലെ ഐശ്വര്യ (24) യാണ് വീട്ടിൽ തൂങ്ങി മരിച്ചത്. സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവിൻ്റെയും ഭർത്തൃമാതാവിൻ്റെയും നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. ഐശ്വര്യയുടെ ഭർത്താവ് പ്രദീപ് കുമാർ, മാതാവ് എന്നിവരാണ് അറസ്റ്റിലായത്. പ്രദീപ് കുമാർ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടറാണ്.
വിവാഹം കഴിഞ്ഞനാൾ മുതൽ പ്രദീപിൻ്റെ അമ്മ സ്ത്രീധനത്തിൻ്റെ പേരിൽ മകളെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ഇതിന് പ്രദീപ് കൂട്ടുനിൽക്കുകയായിരുന്നുവെന്നും ഐശ്വര്യയുടെ മാതാവ് പോലീസിനോട് പറഞ്ഞു. ഒരു വർഷം മുൻപാണ് ഇരുവരും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചത്.
പീഡനത്തെത്തുടർന്ന് ഐശ്വര്യ ഒരാഴ്ച മുൻപ് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇവിടെ വെച്ചാണ് ഐശ്വര്യ ആത്മഹത്യ ചെയ്തത്. പോലീസ് യുവതിയുടെ മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതേതുടർന്നാണ് രണ്ടുപേരേയും അറസ്റ്റ് ചെയ്തത്.