ബാംഗ്ലൂരിൽ സിറ്റി പോലീസ് നടത്തിയ ലഹരിവേട്ടയിൽ 35 കോടി രൂപ വിലമതിക്കുന്ന എം.ഡി.എം.എ. പിടിച്ചെടുത്തു. അന്താരാഷ്ട്ര ലഹരിക്കടത്തുസംഘത്തിൽപ്പെട്ട മൂന്ന് വിദേശികളടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ബെംഗളൂരു സ്വദേശി മുഹമ്മദ് മൻസൂർ (30), ദക്ഷിണ കന്നഡ സ്വദേശി അബ്ദുൾ സമദ് (38), ഡൽഹി സ്വദേശികളായ റീന യാദവ് (50), ദേബാശിഷ് ബാനർജി (66), ധീരജ് (30), ടാൻസാനിയയിൽനിന്നുള്ള മാഗ്രറ്റ് ലിജിനികോ, ഒബിയനുജു സെനഗൽ സ്വദേശി ഡാൻഫാ ജെറാൽഡ് എന്നിവരാണ് പിടിയിലായത്.

ഹെബ്ബാൾ പോലീസ് സ്റ്റേഷനിൽ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആനന്ദ നഗറിൽനിന്ന് മൂന്നുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ കാറിൽനിന്ന് 4.18 കിലോ എം.ഡി.എം.എ. പിടിച്ചെടുത്തു. യെലഹങ്കയിൽനിന്ന് ലഹരിക്കടത്ത് സംഘത്തിൽപ്പെട്ട ഒൻപതുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 17.5 കിലോ ഗ്രാം എം.ഡി.എം.എ. മൂന്നിടങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. വിദേശത്തുനിന്ന് ഡൽഹിയിൽ എത്തിക്കുന്ന ലഹരി അവിടെനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി ബെംഗളൂരുവിൽ എത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കുകയാണെന്ന് പിടിലായവർ മൊഴിനൽകി.

പിന്നീട് നടത്തിയ പരിശോധനയിൽ ചിക്കനായകനഹള്ളിയിൽനിന്ന് 10.12 കിലോ എം.ഡി.എം.കെ.കൂടി പിടിച്ചെടുത്തു. തുടർന്ന് ഹരിയാണയിലേക്കും ഡൽഹിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അവിടെനിന്ന് നാലുപേർകൂടി പിടിയിലായി. ഇവരിൽനിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ഹെന്നൂരിൽനിന്ന് 3.2 കിലോ എം.ഡി.എം.കെ. കണ്ടെടുത്തു. കൂടാതെ ഒരാളെകൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇനിയും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചിരിക്കയാണ്.

Related Posts