ഹെഡ്ലൈറ്റ് പ്രവർത്തനരഹിതമായിരുന്നിട്ടും മൊബൈൽ ഫോണിൻ്റെ ടോർച്ച് വെളിച്ചത്തിൽ യാത്രക്കാരുമായി ബസ് ഓടിച്ച സംഭവത്തിൽ കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KKRTC) ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിച്ചു. ഡ്രൈവർ ആകാശിനെ സസ്പെൻഡ് ചെയ്തതോടൊപ്പം, ബസിൻ്റെ അറ്റകുറ്റപ്പണിയിൽ വീഴ്ച വരുത്തിയ ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർവൈസർ ബസവരാജിനെയും ജീവനക്കാരൻ ശിവാനന്ദിനെയും സസ്പെൻഡ് ചെയ്തു.
കലബുരഗിയിൽ നിന്ന് ചിഞ്ചോളിയിലേക്ക് സർവീസ് നടത്തുന്നതിനിടെയായിരുന്നു സംഭവം. ഹെഡ്ലൈറ്റ് തകരാറിലായിരുന്നിട്ടും സർവീസ് നിർത്താതെ തുടരാൻ ഡ്രൈവർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കണ്ടക്ടർ മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ചുനൽകിയതിന്റെ സഹായത്തോടെയാണ് ബസ് മുന്നോട്ടുപോയത്.
സംഭവത്തിൻ്റെ ദൃശ്യം യാത്രക്കാരിൽ ഒരാൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും കടുത്ത വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ കെകെആർടിസി ഉത്തരവിടുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ ബസിൻ്റെ ഹെഡ്ലൈറ്റ് ഏകദേശം പതിനഞ്ച് ദിവസമായി തകരാറിലായിരുന്നുവെന്നും അത് പരിഹരിക്കുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചതായും കണ്ടെത്തി. വിശദമായ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം ബന്ധപ്പെട്ടവർക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ ബസുകളുടെയും സാങ്കേതിക പരിശോധനയും അറ്റകുറ്റപ്പണികളും കർശനമായി നടപ്പാക്കാൻ ഡിപ്പോകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.