കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയതിൻ്റെ ആഘോഷമായി കർണാടക കോൺഗ്രസ് മൈസൂരുവിൽ സംഘടിപ്പിച്ച ‘സാധന സമാവേശ’ ചടങ്ങ് ജനസാഗരമായി. ഒരു ലക്ഷത്തിലേറെ പ്രവർത്തകർ മഹാരാജാസ് കോളജ് മൈതാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു.
മൈസൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശക്തിപ്രകടനം കൂടിയായി ‘സാധന സമാവേശ’ പരിപാടി മാറി. മൈസൂരുവിൽ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയത്. മൈസൂരുവിന് പുറമെ കുടക്, ഹാസൻ, മാണ്ഡ്യ, ചാമരാജ് നഗർ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും ചടങ്ങിനെത്തി.
465 കെ.എസ്.ആർ.ടി.സി ബസുകളാണ് പ്രവർത്തകരെ എത്തിക്കാൻ കോൺഗ്രസ് വാടകക്കെടുത്തത്. 2,578.03 കോടിയുടെ വികസന പദ്ധതികൾക്കും മൈസൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടക്കം കുറിച്ചു. 24 സർക്കാർ വകുപ്പുകളിലായി 74 പദ്ധതികളാണ് മൈസൂരു ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി നടപ്പാക്കുന്നത്.
സാധന സമാവേശ ചടങ്ങിൽ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ, മന്ത്രിമാരായ എച്ച്.സി. മഹാദേവപ്പ, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, കെ.ജെ. ജോർജ്, റഹ്മാൻ ഖാൻ, കെ.എച്ച്. മുനിയപ്പ, കർണാടക കോൺഗ്രസിൻ്റെ ചുമതലയുള്ള എ. ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
117.71 കോടിയാണ് കഴിഞ്ഞ വർഷത്തെ ബജറ്റിൽ പണം വകയിരുത്തിയ പദ്ധതിക്കായി ചെല വഴിക്കുക. 4 ഓപറേഷൻ തിയറ്ററുകളുള്ള മോഡുലാർ സർജിക്കൽ വിങ്ങും ഇതിൽ 50 കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റും 20 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗവും ഉൾപ്പെടും. 100 രോഗികളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന ഹാളും ഡിജിറ്റൽ ലൈബ്രറിയടക്കമുള്ള സംവിധാനങ്ങളും ഒരുക്കും.
ഒരേക്കറിൽ ജയദേവ ഹോസ്പിറ്റലിന് സമീപം പി.കെ.ടി.ബി ഹോസ്പിറ്റലിന് അടുത്തായി ഒരേ ക്കറിൽ 100 കിടക്കകളുള്ള വൃക്ക- യുറോളജി ആശുപത്രിക്ക് തറക്കല്ലിട്ടതാണ് പ്രധാന വികസന പദ്ധതികളിലൊന്ന്. 192.92 കോടി ചെലവിൽ കർണാടക സംസ്ഥാന ചെറുകിട വ്യവസായ വികസന കോർപറേഷന് കീഴിൽ നിർമ്മിക്കുന്ന യൂനിറ്റി മാളും 120 കോടി ചെലവിൽ മൈസുരു ബന്നിമണ്ഡപിൽ നിർമിക്കുന്ന കെ.എസ്.ആ ർ.ടി.സി മോഡൽ ബസ് ടെർമിനലുമാണ് മറ്റു പ്രധാന പധതികൾ.
ചാമുണ്ഡേശ്വരി ഇലക്ട്രി സിറ്റി സപ്ലൈ കോർപറേഷന് കീഴിൽ 408 കോടിയുടെ പദ്ധതി, കർണാടക എക്സിബിഷൻ അതോറിറ്റിക്ക് കീഴിൽ 23.59 കോടിയുടെ പദ്ധതി, പൊതുമരാമത്ത് വകുപ്പിന് കീഴിൽ 502.41 കോടിയുടെ പദ്ധതി, മൈസുരു സിറ്റി കോർപറേഷന് കീഴിൽ 380 കോടിയുടെ പദ്ധതി, നരസിംഹരാജ മണ്ഡലത്തിൽ 3.5 കോടി ചെലവിൽ സ്പോർട്സ് സയൻസ് സെൻ്റർ, കെ.ആർ മണ്ഡലത്തിൽ തൊഴിലാളി ഭവൻ നിർമ്മിക്കാൻ 23.59 കോടിയുടെ പദ്ധതി തുടങ്ങിയവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വയിൽ ഉൾപ്പെടും.