വയനാട് ഡി.സി.സി മുൻ ട്രഷറർ എൻ.എം. വിജയൻ്റെ ബത്തേരി കോ ഓപറേറ്റീവ് അർബൻ ബാങ്കിലെ കടബാധ്യതയായ 63 ലക്ഷം രൂപ കോൺഗ്രസ് അടച്ചു തീർത്തു. കുടിശ്ശിക അടച്ചില്ലെങ്കിൽ സത്യാഗ്രഹം ഇരിക്കുമെന്ന് നേരത്തെ എൻ.എം. വിജയൻ്റെ കുടുംബം പ്രഖ്യാപിച്ചിരുന്നു.
എൻ.എം. വിജയൻ മാസങ്ങൾക്കു മുമ്പ് ആത്മഹത്യ ചെയ്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ നിർണായക നീക്കമാണ് കോൺഗ്രസ് നടത്തിയത്. കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം ബാധ്യത തീർക്കുമെന്ന് കൽപറ്റയിൽ പ്രഖ്യാപിച്ചിരുന്നു.
2007 നവംബർ 17 ന് ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ എടുത്തതിൽ ബാധ്യതയായ 10 ലക്ഷം രൂപയും, കുടുംബത്തിൻ്റെ ഉപജീവനത്തിന് 20 ലക്ഷം രൂപയും പാർട്ടി നൽകിയിരുന്നു. 3 വർഷത്തിനു ശേഷം പുതുക്കി 15 ലക്ഷം രൂപയാക്കി. 2014 സെപ്റ്റംബർ ഒന്നിന് വീണ്ടും 25 ലക്ഷം രൂപയാക്കി ഉയർത്തിയിരുന്നു.
ബിസിനസ് വായ്പ 2017 നവംബർ 10 ന് കാർഷിക വായ്പയാക്കി മാറ്റി. 2019 ഡിസംബർ 31ന് ഇത് 40 ലക്ഷമാക്കി ഉയർത്തി. 2021 ഏപ്രിൽ 26നാണ് വായ്പ അവസാനമായി പുതുക്കിയത് പിന്നീട് വായ്പയിലേക്ക് ഒരു തുകയും അടച്ചിട്ടില്ല. പാർട്ടിക്കു വേണ്ടിയാണ് കടബാധ്യതയുണ്ടായതെന്ന് അത്മഹത്യാ കുറിപ്പിൽ വ്യക്തമാണെന്ന് മരുമകൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.