തമിഴ് ചിത്രമായ പൊന്നിയിൻ സെൽവൻ 2ലെ ഗാനമായ ‘വീര രാജ വീര’ കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് എ.ആര്.റഹ്മാനെതിരെ നല്കിയ കേസില്‍ സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. 2025 ഏപ്രിൽ 25-ന് റഹ്മാനെതിരെ ഫയൽ ചെയ്ത പകർപ്പവകാശ ലംഘന കേസിൽ, റഹ്മാനും സിനിമയുടെ നിർമ്മാതാക്കളും എല്ലാ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ദാഗർ സഹോദരന്മാർക്ക് അർഹമായ അംഗീകാരം നൽകണമെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇടക്കാല ഉത്തരവിനെതിരെ റഹ്മാൻ അപ്പീൽ നൽകിയിരുന്നു. തുടർന്നാണ് ഇടക്കാല ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്.
വീര രാജ വീര ഗാനത്തിനും സംഗീത സംവിധായകനുമായ എ ആര് റഹ്മാനെതിരെ പകര്‍പ്പവകാശ ലംഘവനത്തിന് കേസ് നല്‍കിയത് ഉസ്താദ് ഫയാസ് വസിഫുദ്ദീൻ ദാഗർ ആണ്. ഗാനത്തിൻ്റെ സംഗീതം തൻ്റെ പിതാവ് ഉസ്താദ് നാസിർ ഫയാസുദ്ദീൻ ദാഗറും അമ്മാവൻ ഉസ്താദ് നാസിർ സാഹിറുദ്ദീൻ ദാഗറും സൃഷ്ടിച്ച ശിവ സ്തുതിയുടെ സംഗീതമാണെന്നായിരുന്നു ആരോപണം. പാട്ടിൻ്റെ ബീറ്റും താളവും മൊത്തത്തിലുള്ള സംഗീത രീതിയും ശിവസ്തുതിയുമായി സാമ്യമുള്ളതാണെന്നായിരുന്നു വസിഫുദ്ദീൻ ദാഗറിൻ്റെ ആരോപണം.