നഗരത്തിൽ ദിവസങ്ങളായി നടത്തിയ പരിശോധനകൾക്കൊടുവിൽ ലഹരിമരുന്ന് വിൽപ്പന സംഘത്തിനെതിരെ ശക്തമായ നടപടി. വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടികൂടി. വിദേശിയുൾപ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗിരിനഗർ, ഇന്ദിരാനഗർ, ചിക്കജാല, ഗോവിന്ദപുര പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനകളും റെയ്ഡുകളും. അറസ്റ്റിലായവരിൽ നിന്ന് 11.237 കിലോഗ്രാം എംഡിഎംഎ, 2.352 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ്, 10 കിലോഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. ഒരു മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംസ്ഥാനത്തിനകത്തും വിദേശത്തുമുള്ള വ്യക്തികളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഹരിമരുന്നുകൾ വാങ്ങിയ പ്രതികൾ പിന്നീട് പൊതുജനങ്ങൾക്കും കോളജ് വിദ്യാർഥികൾക്കും ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.