വടക്കന്‍ സിക്കിമിൽ മണ്ണിടിച്ചിലിലും മഴയിലും ആയിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിയതായി റിപ്പോർട്ട്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. ഏകദേശം 200 ടൂറിസ്റ്റ് വാഹനങ്ങൾ ചുങ്‌താങ്ങിൽ കുടുങ്ങിക്കിടക്കുകയാണെന്നും അവിടെയുള്ളവർ ഒരു ഗുരുദ്വാരയിൽ തങ്ങുന്നതായും അവർ അറിയിച്ചു. മണ്ണിടിച്ചിലും മഴയും ലാച്ചുങ്ങിലേക്കും ലാച്ചെനിലേക്കും ഉള്ള ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചതായും ഏകദേശം 1000 വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായും പ്രാദേശിക ഭരണകൂടം അറിയിച്ചു. ഗാങ്‌ടോക്കിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ചുങ്‌താങ്.

ലാച്ചുങ് ചങ്‌താങ് റോഡിലെ ലെമ/ബോബിലും ലാച്ചെൻ-ചങ്‌താങ് റോഡിലെ മുൻഷിതാങ്ങിലും വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടായതായി പൊലീസ് പറഞ്ഞു. തുടർച്ചയായി മേഖലയിൽ പെയ്യുന്ന മഴ സ്ഥിതി ഗതികൾ കൂടുതൽ വഷളാക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വടക്കൻ സിക്കിമിലേക്ക് വിനോദസഞ്ചാരികളെ അയക്കരുതെന്ന് ജില്ലാ ഭരണകൂടം എല്ലാ ടൂർ ഓപ്പറേറ്റർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 25 ന് ഈ മേഖല സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് നൽകിയിരുന്ന എല്ലാ പെർമിറ്റുകളും അധികൃതർ റദ്ദാക്കി.

Related Posts