തവനൂർ ജയിലിൽ കഴിയുന്ന കൊടി സുനിയെ മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂർ ജയിലിലേക്ക് മകനെ മാറ്റണമെന്നാണ് കൊടി സുനിയുടെ അമ്മയുടെ ഹർജി. കൊടി സുനിയെ തവനൂരിലേക്ക് മാറ്റിയത് ജയിലിനുള്ളിലെ അനധികൃത പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു. ഹർജിയിൽ പ്രാഥമികപരിശോധന നടത്തിയ ഹൈക്കോടതി, സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ജയിലിനുള്ളിൽ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളായ കിർമാണി മനോജും കൊടി സുനിയും ഈ ലഹരി വിൽപ്പന ശൃംഖലയുടെ കണ്ണികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർച്ചയായ അച്ചടക്ക ലംഘനങ്ങളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു കൊടി സുനിയെ തവനൂരിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജയിലിനകത്തും പുറത്തും ലഹരിവസ്തുക്കളുടെ വ്യാപനം നടന്നുവെന്ന കണ്ടെത്തലിന്മേലാണ് ഈ നീക്കം ഉണ്ടായതെന്ന് ജയിൽ വകുപ്പിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.