ചെറുകഥാകൃത്തും സാമൂഹ്യ പരിഷ്‌കരണ വാദിയുമായിരുന്ന വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ സ്മരണയ്ക്കായി കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം നൽകി വരുന്ന കേസരി നായനാർ പുരസ്ക്‌കാരത്തിന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി അർഹനായി. ഇരുപത്തയ്യായിരം രൂപയും പ്രശസ്‌തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. ജനുവരി 25 ന് മാതമംഗലത്ത് നടക്കുന്ന സാസ്കാരികസമ്മേളനത്തിൽ വെച്ച് കേസരി നായനാർ പുരസ്‌കാരം വിതരണം ചെയ്യും. പുരസ്കാര ചടങ്ങിൻ്റെ ഭാഗമായി ജനുവരി 26, 27 തീയ്യതികളിൽ നാടകോത്സവവും സംഘടിപ്പിക്കും.

ഗായകൻ വി ടി മുരളി, ഡോ. ജിനേഷ്‌കുമാർ എരമം, ഗായിക സിതാര എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. സംഗീതരംഗത്ത് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് കൈതപ്രത്തിന് പുരസ്‌കാരം. മലയാളിത്തവും കേരളീയതയും നിറഞ്ഞ ഗാനങ്ങളുടെ സംഗീത സംവിധാനത്തിലൂടെയും രചനയിലൂടെയും ആസ്വാദകർക്ക് നവ്യാനുഭവങ്ങൾ പകർന്ന അനിതരസാധാരണമായ പ്രതിഭയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന് ജൂറി അഭിപ്രായപ്പെട്ടു.

പത്രസമ്മേളനത്തിൽ പുരസ്‌കാര സമിതി ചെയർമാൻ സി. സത്യപാലൻ, ഫെയ്‌സ് സെക്രട്ടറി പി. ദാമോദരൻ, ജൂറി അംഗം ഡോ. ജിനേഷ്‌കുമാർ എരമം, സമിതി കൺവീനർ സുനുകുമാർ കെ.വി, കെ. മനോജ് കുമാർ എന്നിവർ പങ്കെടുത്തു

Related Posts