കേരള ക്രിക്കറ്റിന് അഭിമാനനേട്ടമായി യുവ വിക്കറ്റ് കീപ്പർ-ബാറ്റർ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന അണ്ടർ-19 ടെസ്റ്റ് (ചതുർദിന) പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ മാനവിന് അവസരം ലഭിച്ചത്. കേരള അണ്ടർ-19 ടീമിൻ്റെ നായകനായ മാനവ് ആഭ്യന്തര ക്രിക്കറ്റിൽ നടത്തിയ ശ്രദ്ധേയ പ്രകടനങ്ങളിലൂടെയാണ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. കഴിഞ്ഞ അണ്ടർ-19 സീസണിൽ 592 റൺസ് നേടിയ താരം കൂച്ച് ബെഹാർ ട്രോഫിയിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടി ശ്രദ്ധ നേടിയിരുന്നു. സൗരാഷ്ട്രയ്ക്കെതിരെ 189 റൺസും ഹൈദരാബാദിനെതിരെ 144 റൺസും നേടിയ പ്രകടനങ്ങൾ തിരഞ്ഞെടുപ്പിൽ നിർണായകമായി.
ഡൽഹിയിൽ ക്രിക്കറ്റ് ജീവിതം ആരംഭിച്ച മാനവ് പതിമൂന്നാം വയസ്സിലാണ് കേരളത്തിലേക്ക് എത്തിയത്. തുടർന്ന് കേരള ക്രിക്കറ്റിൻ്റെ വിവിധ പ്രായവിഭാഗ ടീമുകളിലൂടെ വളർന്ന താരം സംസ്ഥാന ടീമിൻ്റെ പ്രധാന താരമായി മാറുകയായിരുന്നു. 2025-ലെ കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളായ മാനവ്, 2026 ജനുവരിയിൽ ഗോവയ്ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. ഒമാൻ പര്യടനം നടത്തിയ കേരള ടീമിലും അദ്ദേഹം അംഗമായിരുന്നു.
എൻ.എസ്.കെ. ട്രോഫിയിലെ ‘പ്രോമിസിംഗ് യങ്സ്റ്റർ’ പുരസ്കാര ജേതാവായ മാനവ്, ബി.സി.സി.ഐയുടെ സെന്റർ ഫോർ എക്സലൻസ് ക്യാമ്പിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. മാനവിൻ്റെ സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിൻ്റെ അണ്ടർ-19 ടീമിലെ അംഗമാണ്. ഉണ്ണികൃഷ്ണനും അനിതയുമാണ് മാതാപിതാക്കൾ. തിരുവനന്തപുരം എസ്.എസ്. ഷൈൻ ആണ് മാനവിൻ്റെ പരിശീലകൻ.
മികവും സ്ഥിരതയും കൊണ്ട് ശ്രദ്ധേയനായ മാനവ് കൃഷ്ണയുടെ ഇന്ത്യൻ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് കേരള ക്രിക്കറ്റിന് വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.