കേരള സമാജം (രജി.) കർണാടകയുടെ നേതൃത്വത്തിൽ മാവള്ളിപുര ഗവൺമെന്റ് പ്രൈമറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കേരള സമാജം പ്രസിഡണ്ട് എസ്.കെ. പിള്ള ഉദ്ഘാടനം ചെയ്തു.
കേരള സമാജം കർണാടക വിവിധ മേഖലകളിൽ ശ്രദ്ധേയമായ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. നോർത്ത് ഡിവിഷൻ്റെ നേതൃത്വത്തിൽ എല്ലാ ശനിയാഴ്ചകളിലും സർക്കാർ ആശുപത്രികളിൽ ഉച്ചഭക്ഷണ വിതരണം നടത്തുന്നതായും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ട്യൂഷൻ ഫീസ് നൽകുന്നതായും അദ്ദേഹം അറിയിച്ചു. വിനായകനഗറിലെ സർക്കാർ സ്കൂളിലും വിദ്യാർത്ഥികൾക്ക് ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്തതായി അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ഒരു കൈത്താങ്ങായി മാറാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, ഇനിയും ഇത്തരം സേവന പ്രവർത്തനങ്ങൾ തുടരുമെന്നും എസ്.കെ.പിള്ള അഭിപ്രായപ്പെട്ടു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സമാജത്തിലെ എല്ലാ അംഗങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. കേരള സമാജം കർണാടക നടത്തുന്ന സാമൂഹികവും ചാരിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ സ്കൂൾ പ്രധാനാധ്യാപിക അഭിനന്ദിച്ചു.
മാവള്ളിപുര യൂണിറ്റ് കൺവീനർ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സമാജം ജോയിൻറ് സെക്രട്ടറി നടരാജൻ, അസിസ്റ്റന്റ് സെക്രട്ടറി ശ്യാംകുമാർ, നോർത്ത് ഡിവിഷൻ ചെയർമാൻ സുകുമാരൻ, പ്രോഗ്രാം കോർഡിനേറ്റർ യോഗേഷ് നായർ, ജിനിഷ്, മാവള്ളിപുര വനിതാ വിഭാഗം ഭാരവാഹികളായ രജിനി അനിൽ, പ്രിയ സക്കറിയ, നിസ്സി എലിസബത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.