കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി നാഗവാരയ്ക്ക് സമീപമുള്ള തനിസാന്ദ്ര റോഡിലെ ത്രിത്വ ആശ്രമം (ആകാശ പറവ) വനിതാ പുനരധിവാസ കേന്ദ്രത്തിൽ അന്തേവാസികളോടൊപ്പം വനിതാ ദിനം ആഘോഷിച്ചു. ആശ്രമത്തിലെ അന്തേവാസികൾക്ക് ആവശ്യമായ വിവിധ നിത്യോപയോഗ സാധനങ്ങളും പലവ്യഞ്ജനങ്ങളും സമാജത്തിൻ്റെ നേതൃത്വത്തിൽ സമ്മാനമായി കൈമാറി. പരിപാടിയുടെ ഭാഗമായി അന്തേവാസികൾ പാട്ടുകൾ ആലപിക്കുകയും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
സമാജം പ്രവർത്തകർ ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും അതിജീവിച്ച് മുന്നോട്ട് പോകുവാൻ ആവശ്യമായ പ്രോത്സാഹനവും മാനസിക പിന്തുണയും അവർക്കു നൽകി. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് പ്രസിഡണ്ട് ആർ. മുരളിധർ, ട്രഷറർ ബിജു ജേക്കബ്, ജോയിന്റ് സെക്രട്ടറി വിശ്വനാഥൻ പിള്ള, വിശ്വംഭരൻ, സിസ്റ്റർ എലീസ് വാമ്മ എന്നിവർ സംസാരിച്ചു. സമാജം പ്രവർത്തകരും ആശ്രമത്തിലെ അന്തേവാസികളും പങ്കെടുത്ത പരിപാടി സ്നേഹത്തിൻ്റെയും സഹാനുഭൂതിയുടെയും സന്ദേശം പങ്കുവെച്ച ഒരു അവിസ്മരണീയ അനുഭവമായി മാറി.