നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൻ്റെ അംഗത്വപ്രചാരണത്തിനായി ബെംഗളൂരു നോർക്ക റൂട്ട്സ്, കേരള സമാജം ബംഗളൂരുമായി സഹകരിച്ചു മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ ഇന്ദിരാനഗർ കെഎൻഇ ട്രസ്റ്റ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടത്തുന്നത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയും ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയുമായിരിക്കും ക്യാമ്പിൻ്റെ പ്രവർത്തനം.
നോർക്ക തിരിച്ചറിയൽ കാർഡിന് (എൻആർകെ കാർഡ്) അപേക്ഷിക്കുന്നതിനും നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ചേരുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം. വിദേശത്തെയും രാജ്യത്തിനുള്ളിലെയും പ്രവാസിമലയാളികൾക്കുവേണ്ടി നോർക്ക പുതിയതായി ആരംഭിച്ചതാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി. നിലവിൽ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ പ്രീമിയമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികൂടിയാണ് നോർക്ക കെയർ.
എൻആർകെ കാർഡുള്ളവർക്കാണ് ആരോഗ്യ ഇൻഷുറൻസിൽ ചേരാൻ സാധിക്കുന്നത്. ഇതുവരെ എൻആർകെ കാർഡെടുക്കാൻ സാധിക്കാത്തവർക്ക് ക്യാമ്പിൽ പങ്കെടുത്ത് ഇതിന് അപേക്ഷിക്കാൻ സാധിക്കും. അതിനുശേഷം ഇ-കാർഡ് ലഭിക്കുന്നതോടെ ആരോഗ്യ ഇൻഷുറൻസിലും ചേരാം.
എൻആർകെ കാർഡ് ഉള്ളവർക്ക് ഇതിൻ്റെ വിവരങ്ങളുമായി ക്യാമ്പിനെത്തിയാൽ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ചേരാം. ഓൺലൈനിൽത്തന്നെ അപേക്ഷ സമർപ്പിക്കാനും പണം കൈമാറാനും സൗകര്യമുണ്ട്.
അംഗത്വ കാർഡ് എടുക്കുവാൻ താല്പര്യമുള്ളവർ കർണ്ണാടക മേൽവിലാസത്തിലുളള ഏതെങ്കിലും ഗവൺമെൻ്റ് ഐഡി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം. 18 മുതൽ 70 വയസ്സു വരെയുള്ളവർക്കാണ് പദ്ധതിയിൽ അംഗത്വമെടുക്കാൻ സാധിക്കുന്നത്. റജിസ്ട്രേഷൻ ഫീസ് 408/- രൂപയാണ്.